TG Mohandas Profile picture
Official Handle. Views are personal. RTs are not automatic endorsements

Sep 21, 2020, 6 tweets

എനിക്കന്ന് 30 വയസ്സ്. നട്ടുച്ച. നടവഴിയിൽ തോടുണ്ട്. അഞ്ച് പടികൾ കയറി കൈവരിയില്ലാത്ത ഒരു സ്ലാബിട്ട പഞ്ചായത്ത് പാലവും. പാലത്തിൽ ഒരു വൃദ്ധൻ ഇറങ്ങാൻ ഭയന്ന് നിൽക്കുന്നു. വടി സ്റ്റെപ്പിലേക്ക് കുത്തുന്നു; തിരിച്ചെടുക്കുന്നു.. മാസങ്ങളായി അലക്കാത്ത വൃത്തികെട്ട മുണ്ട്.
1/6

ശരീരത്തിൽ മൂന്നാലിടത്ത് ഈച്ചയാർക്കുന്ന വ്രണങ്ങൾ.. ഞാൻ പിടിച്ചിറക്കാനായി കൈ നീട്ടി..

മോൻ പൊയ്ക്കോ... എന്നെ തൊടണ്ട...

ഞാൻ സമ്മതിച്ചില്ല. ഏകദേശം പൊതിഞ്ഞു പിടിച്ച മാതിരി താഴെ എത്തിച്ചു. വൃദ്ധൻ എന്റെ മുഖത്ത് നോക്കാതെ ആകാശത്തേക്ക് നോക്കി ഇടറിയ ശബ്ദത്തിൽ ദൈവമേ..! എന്ന് വിളിച്ചു
2/6

പീന്നീടെപ്പഴോ വാർധക്യം എന്നെയും ഗ്രസിച്ചു തുടങ്ങി.. ഒരു പുരസ്കാരദാനച്ചടങ്ങ്.. പത്തടിയെങ്കിലും പൊക്കമുള്ള സ്റ്റേജ്. പടികൾക്ക് കൈവരിയുമില്ല. കൈവരിയില്ലാതെ കയറിയാൽ ഞാൻ ഉറപ്പായും വീഴും.. നാണക്കേട്! എന്തു ചെയ്യും! സഹായം ചോദിക്കാൻ ഒരു മടി... പ്രായമായെന്നു സമ്മതിക്കുന്നതെങ്ങനെ? 😄
3/6

പേര് വിളിച്ചു ക്ഷണിച്ചപ്പോൾ രണ്ടും കൽപ്പിച്ച് എഴുന്നേറ്റു.. (ഈശ്വരാ! നാണക്കേടിൽ നിന്ന് രക്ഷിക്കണേ... )

തിങ്ങിക്കൂടി നിന്നവരുടെ ഇടയിൽ നിന്ന് പെട്ടെന്ന് ഒരു കട്ടയാൻ അടുത്തേക്ക് വന്നു.

ശ്രീകുമാർ!
4/6

പുഞ്ചിരിയോടെ എന്റെ കൈ പിടിച്ച് ആനയിക്കുന്ന ഭാവത്തിൽ (അല്ലാതെ ആവതില്ലാത്തവനെ താങ്ങി നടത്തുന്ന പോലെയല്ല) സ്റ്റേജിലേക്ക് കൊണ്ടുപോയി. അതുപോലെ തിരിച്ചു കൊണ്ടുവന്നിരുത്തി. ഇരിപ്പുറപ്പിച്ച് ഞാൻ മുഖമുയർത്തി നോക്കുമ്പോഴേക്കും ശ്രീകുമാർ ആൾക്കൂട്ടത്തിലെവിടെയോ മറഞ്ഞു കഴിഞ്ഞിരുന്നു!
5/6

പണ്ടെന്നോ ഒരിക്കൽ പഞ്ചായത്ത് തോടിന്റെ കരയിൽ വെച്ച് എന്തു കൊണ്ടാണ് ആ വൃദ്ധൻ ദൈവത്തെ വിളിച്ചത് എന്ന് എനിക്കു മനസ്സിലായി. അതിനാലാണ് എന്നെ ആരെങ്കിലും കെളവൻ, ശ്വാസം വിടാൻ പാങ്ങില്ലാത്തവൻ, ഊതിയാൽ പറക്കുന്നവൻ... എന്നൊക്കെ വിശേഷിപ്പിക്കുമ്പോൾ എനിക്ക് ചിരിക്കാൻ കഴിയുന്നത്
6/6

Share this Scrolly Tale with your friends.

A Scrolly Tale is a new way to read Twitter threads with a more visually immersive experience.
Discover more beautiful Scrolly Tales like this.

Keep scrolling