ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തി സ്വരൂപിണീ = ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തി എന്നിവ വേദാന്ത ശാസ്ത്രപ്രകാരം പരമാത്മാവിന്റെ ശക്തിത്രയമാണ്. ഈശ്വരന്റെ ഇച്ഛാശക്തി കൊണ്ടാണ് പ്രപഞ്ചസൃഷ്ടി സംഭവിക്കുന്നത്. കർമ്മബന്ധത്തിൽ നിന്നും ജീവാത്മാവിനെ മോചിപ്പിക്കുന്നത് ജ്ഞാനശക്തി.
പ്രപഞ്ചസ്ഥിതിക്ക് ആവശ്യമായ ചലനം ക്രിയാശക്തി.
ഇച്ഛ, ജ്ഞാനം, ക്രിയ എന്ന ശക്തികളായി വർത്തിക്കുന്ന ദേവിക്കു നമസ്കാരം. ദേവിയുടെ ശരീരം ഇച്ഛാദികളായ ഈ മൂന്നു ശക്തികളുടെയും സ്വരൂപമാണെന്നു സങ്കേതപദ്ധതിയിൽ പറഞ്ഞിട്ടുണ്ട്.
ബ്രഹ്മവിഷ്ണുമഹേശ്വര രൂപിണിയായ ദേവി ഇച്ഛാദിശക്തി ത്രയ സമ്പന്നയാണെന്നു വാമകേശ്വരതന്ത്രത്തിലുണ്ട്.
ഇവയെ ദേവിയുടെ ശരീരഭാഗങ്ങൾ ആയി ആചാര്യന്മാർ വിവരിക്കുന്നു.
നിത്യാനിത്യങ്ങളും സൂക്ഷ്മാസൂക്ഷ്മങ്ങളും മൂർത്താമൂർത്തങ്ങളും ഭൗമാന്തരീക്ഷങ്ങളുമായ എല്ലാ വസ്തുക്കളിലും ദേവി അന്തര്യാമിയായിരിക്കുന്നുവെന്ന് ബ്രഹ്മാണ്ഡപുരാണത്തിൽ പറയുന്നു.
പ്രതിഷ്ഠാ = നിലനിൽപ്പ് എന്നും നിലനിൽക്കുന്നവളെന്നർത്ഥo.
അല്ലെങ്കിൽ സുപ്രതിഷ്ഠമെന്ന ഛന്ദോവിശേഷമായി സ്ഥിതിചെയ്യുന്നവൾ. ദേവി ഛന്ദോരൂപീണിയാണെന്നു പ്രമാണമുണ്ട്. ദേവി സ്ഥിരമായിരിക്കു ന്നതുകൊണ്ടാണ് ജഗത്തിന് ആപേക്ഷികമായ സത്ത ലഭിക്കുന്നത്.
അന്നദാ = ആഹാരം നല്‍കുന്ന ദേവീ. കാശിയില്‍ ദേവി അന്നപൂര്‍ണ്ണേശ്വരിയാണ്.
സകല ജനങ്ങൾക്കും അന്നം പ്രദാനം ചെയ്യുന്നവൾ. അന്നദാനം ചെയ്യുന്ന ദേവിക്കു നമസ്കാരം. ദാരിദ്രനാശിനി എന്നർത്ഥo പറയാം. ദേവി അന്നപൂർണ്ണയുടെ സ്വരൂപത്തോടുകൂടിയ വളാണെന്നു പ്രസിദ്ധമാകുന്നു.
ഭഗവദ്ഗീത അദ്ധ്യായം 3 ശ്ലോകം 14 ൽ
"അന്നാദ്ഭവന്തി ഭൂതാനി പർജന്യാദന്നസംഭവഃ
യജ്ഞാദ്ഭവതി പർജന്യോ യജ്ഞഃ കർമസമുദ്ഭവഃ" എന്നുണ്ട്.
വിഷ്ണു ഭക്തർക്ക് എല്ലാ ഏകാദശികളും ഒരുപോലെ പ്രധാനപ്പെട്ടതാണ്.
എങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഏകാദശിയായി ഭൂരിപക്ഷം പേരും ആചരിക്കുന്നത് ധനുമാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ സ്വർഗ്ഗവാതിൽ ഏകാദശിയാണ്. വിഷ്ണു ക്ഷേത്രത്തിൽ ഒരു നടയിൽ കൂടി പ്രവേശിച്ച് ഭഗവാനെ തൊഴുത് മറ്റൊരു നടയിൽ കൂടി പുറത്തു വന്നാൽ സ്വർഗ്ഗത്തിൽ പ്രവേശിച്ച ഫലമുണ്ടാകും എന്നാണ് വിശ്വാസം.
മോക്ഷദ ഏകാദശി, വൈകുണ്ഠ ഏകാദശി എന്നെല്ലാം അറിയപ്പെടുന്ന ഈ ദിവസമാണ് ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് ഭഗവദ്ഗീത ഉപദേശിച്ചത് എന്ന് വിശ്വസിക്കുന്നു.
എല്ലാ വിഷ്ണുക്ഷേത്രങ്ങളിലും വിശേഷമായ ഈ ദിവസം തിരുവമ്പാടി, പെരിങ്ങാവ് ധന്വന്തരി ക്ഷേത്രം, നെല്ലുവായ എന്നിവിടങ്ങളിൽ വളരെ ആഘോഷമായി ആചരിക്കുന്നു.
യോഗശാസ്ത്രവിധിപ്രകാരം ആത്മാവിന് ജീവാത്മാവ്, അന്തരാത്മാവ്, പരമാത്മാവ്, നിർമ്മലാത്മാവ്, ശുദ്ധാത്മാവ്, ജ്ഞാനരൂപാത്മാവ്, മഹാത്മാവ്, ഭൂതാത്മാവ് എന്ന് എട്ട് മൂർത്തികൾ പ്രസിദ്ധങ്ങളായുണ്ട്. ആത്മാവിന്റെ ഈ എട്ട് ഭേദങ്ങളും ദേവിയുടെ മൂർത്തീ രൂപങ്ങളാകയാൽ ദേവിയെ അഷ്ടമൂർത്തിയായി വർണ്ണിക്കാം.