ഐ.എസ്.എൽ പുതിയ സീസൺ ഇന്നു ബ്ലാസ്റ്റേർസിന്റെ കളിയോടെ തുടങ്ങുമെന്ന് കേട്ട് അവരുടെ കളിക്കാരുടെ ലിസ്റ്റൊന്നെടുത്ത് നോക്കിയപ്പോ ഒരു കളിക്കാരൻ ബുർക്കീന ഫാസോ എന്ന ആഫ്രിക്കൻ രാജ്യത്തിൽ നിന്നാണെന്നു കണ്ടു. ഒരു കൗതുകത്തിനു ആ രാജ്യത്തെപ്പറ്റി വായിച്ചു നോക്കിയതാണു.
പഴയ ഫ്രഞ്ച് കോളനി ആയിരുന്നു ബുർക്കീന ഫാസോ. റിപ്പബ്ലിക് ഓഫ് അപ്പർ വോൾട്ര എന്ന പേരിലാണു സ്വതന്ത്രരാജ്യമായത്. 59ഓളം പ്രാദേശികഭാഷകളും കുറേ ഗോത്രങ്ങളും ചേർന്ന രാജ്യം ജനാധിപത്യപരമായി തെരഞ്ഞെടുത്ത ആദ്യപ്രസിഡന്റ് ഭരണം നേടി ആദ്യം ചെയ്തത് തന്റേതൊഴികെ എല്ലാ പാർട്ടികളേയും നിരോധിക്കുകയാണു.
പിന്നെയും രക്തപ്പുഴയും അട്ടിമറികളുമൊക്കെ വന്നോണ്ടിരുന്നു. ഇടയിൽ കുറച്ചു കാലം ഭരിച്ച തോമസ് സാങ്കര ആയിരുന്നു അല്പം പുരോഗമനപരമായി ചിന്തിച്ച പ്രസിഡന്റ്. രാജ്യത്തിന്റെ സാംസ്‌കാരികവൈവിധ്യം സൂചിപ്പിച്ച് പല പ്രാദേശികഭാഷകൾ ചേർത്ത് ബുർക്കീന ഫാസോ എന്ന് പേരു നൽകിയതും അദ്ദേഹമാണു.
ബുർക്കീന ഫാസോയെ വേൾഡ് ബാങ്കിന്റേയും IMFന്റേയും കടക്കെണിയിലും ഫ്രാൻസിന്റെ പരോക്ഷനിയന്ത്രണത്തിലും നിന്ന് മോചിപ്പിക്കാനും സ്വയം പര്യാപ്തമാക്കാനും വേണ്ടി സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം, മറ്റു സാമ്പത്തികസാമൂഹ്യവികസനപദ്ധതികൾ ഇവയിലൊക്കെ ശ്രദ്ധിച്ചിരുന്നു സാങ്കര.
സ്വാഭാവികമായും ഇവരുടെ ഒക്കെ രഹസ്യപിന്തുണയോടെ നടന്ന അട്ടിമറിയിൽ അദ്ദേഹം വീണു, പുതിയ സർക്കാർ എല്ലാ പദ്ധതികളും പിൻവലിച്ചു. ഫലം? അക്രമവും അട്ടിമറിയും ഒക്കെ പിന്നെയും തുടരുന്നു. ഇന്നും ദരിദ്രരാജ്യമായി ബുർക്കീന ഫാസോ ഇവരുടെയൊക്കെ കാൽക്കീഴിൽ കിടക്കുന്നു.
ഇതാണു വെസ്റ്റ് ലോകത്തോട് ചെയ്തത്. ആദ്യം കോളനികളിൽ നേരിട്ടുള്ള അക്രമവും അടിച്ചമർത്തലും വഴി മറ്റിടങ്ങളിലെ വിഭവങ്ങളും മനുഷ്യാധ്വാനവും ഒക്കെ കടത്തിക്കൊണ്ടു പോയി. പിന്നെ WW2 വിനു ശേഷം നേരിട്ട് ചെയ്യാതെ തങ്ങൾക്കു വേണ്ടതെല്ലാം തരുന്ന ആളുകളെ, അവരെത്ര കുടിലരായാലും പന പോലെ വളർത്തി.
പടിഞ്ഞാറൻ രാജ്യങ്ങളുടെ പിന്തുണയോടെ ശക്തരായവർ തങ്ങളുടെ നാടുകളിലെ ജനത്തെ നൂറ്റാണ്ടുകൾ പിന്നോട്ട് കൊണ്ടു പോവുകയും തമ്മിൽ തല്ലിക്കുകയും ഒക്കെ ചെയ്തു സമ്പത്തുണ്ടാക്കി നാട് മുടിച്ചു. നാട് തകർന്നിട്ട് മിക്കവരും പോയി അഭയം തേടിയതും യൂറോപ്പിലാണു.
വെസ്റ്റേൺ ചിന്തകരും ഹരാരിയെ ഒക്കെ പോലുള്ള എഴുത്തുകാരും ജനാധിപത്യം പോലെയുള്ള ലിബറൽ മൂല്യങ്ങൾ വെസ്റ്റിന്റെ സംഭാവന ആണെന്നൊക്കെ വാഴ്ത്തും. എന്നാൽ ആ ആശയങ്ങൾ, സ്വന്തം നാടുകളിൽ പ്രാക്റ്റീസ് ചെയ്യാനുള്ള മൂലധനം അവരൊരുക്കിയത് ലോകം മുഴുവൻ ജനാധിപത്യവിരുദ്ധ ശക്തികളെ വളർത്തിക്കൊണ്ടായിരുന്നു.
ആദ്യം മുന്നോട്ട് കുതിച്ച ഒരുപാട് രാജ്യങ്ങൾ അത്തരം ശക്തികൾ കരുത്താർജ്ജിച്ചപ്പോ ഇരുട്ടിലേക്ക് വീണു. പല സ്റ്റേറ്റുകളും തകർന്നപ്പോഴാണു നിലയില്ലാതെ ആയ ജനം അവിടുന്ന് പുറത്തേക്ക് കൂട്ടപ്രവാഹം തുടങ്ങിയത്. അതിലൊരു പങ്കിനെ വെസ്റ്റിനു തന്നെ സ്വീകരിക്കേണ്ടി വന്നു.
അത്തരം കുടിയേറ്റക്കാരിൽ അവർ വന്നയിടത്തു വെസ്റ്റിന്റെ കൂടെ പിന്തുണയോടെ വളർന്ന ഇരുട്ടിന്റെ ആശയങ്ങളുടെ സ്വാധീനമുള്ളവരും കുറെ ഉണ്ടാവുമല്ലോ. അത്തരക്കാരുണ്ടാക്കുന്ന തീവ്രവാദ വെല്ലുവിളികളൊക്കെ പലതരത്തിലും വെസ്റ്റേൺ ലോകം അർഹിക്കുന്നതാണെന്ന് തോന്നിപ്പോകും ചരിത്രം വായിക്കുമ്പോൾ.
ഇംഗ്ലീഷിൽ പറഞ്ഞാൽ They are tasting their own medicine! [പലരും പറയും പോലെ വെസ്റ്റേൺ രാജ്യങ്ങളാണു തീവ്രവാദം ഉണ്ടാക്കിയത് എന്നല്ല, അവരാണു മിക്കയിടത്തും അത്തരം ശക്തികളെ ഊട്ടി വളർത്തി ലാഭം കൊയ്തത് എന്ന്.]
• • •
Missing some Tweet in this thread? You can try to
force a refresh